KeralaLatestNewsNews in Brief

കനത്ത മഴ; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

By web desk

തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ തുടരുന്നതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റെ ട്രാക്കില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ ഗാതഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം.

മഴ ശക്തമായി തുടരുന്നത് ഉപതെരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കൊച്ചി പി ആന്‍ഡ് ജി കോളനിയിലും ചുള്ളിക്കല്‍ ഭാഗത്തും വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി.

സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളത്തേക്ക് എത്തിച്ചേരേണ്ട ട്രയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. സൗത്തില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. സൗത്ത് സ്റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ ശ്രമിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.

കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു.

ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതലാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടങ്ങിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close