KeralaNational

രാജ്യസഭാതെരഞ്ഞെടുപ്പ്‌: ജോസ്‌ കെ. മാണിയും എളമരവും ബിനോയിയും പത്രിക നല്‍കി

മൂവരും പത്രിക നല്‍കിയത്‌ നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായി പി.കെ പ്രകാശ്‌ ബാബുവിന്‌

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിന്‌ കേരളത്തില്‍ നിന്നുള്ള ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളായ സിപിഐ നേതാവ്‌ ബിനോയ്‌ വിശ്വം, സിപിഎം നേതാവ്‌ എളമരം കരീം, യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ ജോസ്‌ കെ. മാണി എന്നിവരാണ്‌ പത്രികകള്‍ നല്‍കിയത്‌. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ പ്രകാശ്‌ബാബുവിനാണ്‌ മൂവരും പത്രികകള്‍ നല്‍കികയത്‌.

ബിനോയ്‌ വിശ്വത്തിനും എളമരം കരീമിനുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ തോമസ്‌ ഐസക്‌, ഇ. ചന്ദ്രശേഖരന്‍ എന്നിവരും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഉണ്ടായിരുന്നു.

നാലാമത്‌ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തിയില്ലെങ്കില്‍ ബുധനാഴ്‌്‌ച്ച മൂന്നുപേരെയും വിജയികളായി പ്രഖ്യാപിക്കും.

അതേസമയം, കോണ്‍ഗ്രസില്‍ എതിര്‍പ്പുളളവര്‍ ഉണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തട്ടെയെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണിയുടെ രണ്ടു സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിന്‌ വേണ്ടി വോട്ടുകള്‍ ചെയ്‌താലും എല്‍ഡിഎഫിന്‌ പിന്നെയും 19 വോട്ടുകളുണ്ട്‌. ഈ വോട്ടുകള്‍ കോണ്‍ഗ്രസിലെ വിമതര്‍ക്ക്‌ വേണമെങ്കില്‍ നല്‍കാം എന്ന രാഷ്ട്രീയധ്വനിയാണ്‌ കോടിയേരിയുടെ വാക്കുകള്‍ക്ക്‌ പിന്നിലുള്ളത്‌. കേരള കോണ്‍ഗ്രസ്‌ എം മടങ്ങിയെത്തിയതോടെ യുഡിഎഫിന്റെ അംഗബലം 47 ആണ്‌.

രാജ്യസഭാസ്ഥാനാര്‍ത്ഥിക്ക്‌ ജയിക്കാന്‍ 36 വോട്ടാണ്‌ വേണ്ടത്‌.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്‌ ഇന്ന്‌. നാളെ പത്രികകളുടെ സൂക്ഷ്‌മപരിശോധന നടക്കും. ബുധനാഴ്‌ച്ചയാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. അതിനുശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close