FootballGulfLatestNewsSportsWorld

അജയ്യമായ അഞ്ചുഗോളുകള്‍: സൗദിയെ സംപൂജ്യരാക്കി റഷ്യ

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ഏഷ്യന്‍ പ്രതിനിധികളായ സൗദി അറേബ്യയെ തലതാഴ്ത്തി വിട്ടു ആതിഥേയരായ റഷ്യയുടെ മിന്നുന്ന പ്രകടനം. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന കളിയെഴുത്ത് പരമ്പര ഇന്ന് മുതല്‍ തുടങ്ങുന്നു

ളിയ്ക്കും മുൻപേ അവർ തോറ്റിരുന്നു. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ എൺപതിനായിരത്തോളം റെഡ് ആർമി ഇരമ്പിയാർക്കുമ്പോൾ തോൽക്കാൻ ഉറച്ച് തന്നെയായിരുന്നു സൗദി കളിക്കാരുടെ ശരീരഭാഷ. മൈതാനത്തിന്റെ മധ്യവരയിൽ നിന്നും ചെവി പൊട്ടുന്ന ആരവവുമായി അവർ സ്മോലോവും, ഗാസിൻസ്കിയും, ചെർ ഷേവും പിന്നെ സ്വൂബയുമൊക്കെ സൗദിയുടെ നിസ്സഹായതയിലേക്ക് തല കൊണ്ടും കാൽ കൊണ്ടും പന്തുകൾ കോരിയിടുമ്പോൾ ഒരു പക്ഷെഏഷ്യൻ ഫുട്ബോൾ നാണിച്ചിരിക്കണം. ഒടുവില്‍ പകരംവയ്ക്കാനില്ലാത്ത ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് ആതിഥേയരായ റഷ്യ സ്വപ്‌നതുല്യമായ വിജയം നേടിയപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോളിന്റെ സമകാലീന നാണക്കേടിന് പൂര്‍ണ്ണത കൈവന്നു.

ഏഷ്യൻ മേഖലയിൽ പ്രതിരോധത്തിന്റെ അവസ്സാന വാക്കുകളിലൊന്നായ ഒസ്സാമാ ഹസാവി യൊക്കെ പുറം കളിക്ക് ഇനി ഗൃഹപാഠം മാത്രം ചെയ്താൽ മതിയാകില്ല. റഷ്യയുടെ വേഗത്തിനും ഉയരത്തിനും മറുപടിയില്ലാതെ ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും ഉഴറി നടന്ന സൗദിയുടെ കളിക്കാർ വഴി തെറ്റി വന്നു കയറിയ പോലെയായിരുന്നു
കളിക്കളത്തിൽ. കളി മെനഞ്ഞു തരാൻ ഒരു ചങ്ങാതിയെപ്പോലും കിട്ടാതെ അലഞ്ഞ് തിരിഞ്ഞ അൽ സഹലാവിയ്ക്ക് ഒടുവിൽ അമ്പത്താറാം മിനിറ്റിൽ തെസീർ പോസ്റ്റിന് മുന്നിലേയ്ക്ക് നീട്ടിവെച്ച ഏക അവസരം കാലെത്തി പിടിക്കാനാവാതെ എൺപത്തിനാലാം മിനിറ്റിൽ ആ സൂപ്പർ സ്ട്രൈക്കർ കൂടാരം കയറുമ്പോൾ കണ്ണുപൊടിഞ്ഞിരുന്നു.

റഷ്യയ്ക്കെല്ലാം എളുപ്പമായിരുന്നു.  പന്ത്രണ്ടാം മിനിറ്റിൽ ഗാസിൻസ്കിയുടെ ഹെഢർ സൗദിയുടെ നെഞ്ചകം പിളർക്കുമ്പോൾ ആ ഭാഗത്ത് ഒരു പച്ചക്കുപ്പായക്കാരനും പ്രതിരോധിക്കാനോ ഒപ്പം ചാടുവാനോ ഉണ്ടായിരുന്നില്ല. കളിയുടെ തുടക്കത്തിൽ ചുരുക്കം ചില സേവുകൾ നടത്തിയ ഒസാമ പിന്നെ മൊത്തം ടീമിനോട് താദാത്മ്യം പ്രാപിച്ച് പരാജയപ്പെടുകയായിരുന്നു.

സൗദിയുടെ ഗോളി കാര്യമായി പരീക്ഷിക്കപ്പെടാത്ത മത്സരമായിരുന്നു ഇത്. ഗോൾ നേടി വന്ന എല്ലാ പന്തുകളേയും അദ്ദേഹം സ്നേഹാദരം പോസ്റ്റിനുള്ളിലേയ്ക്ക് കടത്തിവിട്ടു.  നാൽപ്പത്തിമൂന്നാം മിനുറ്റിൽ മൂന്ന് ഡിഫൻറർമാരെ വെട്ടിയൊഴിഞ്ഞ് ഡെനിസ് ചെർഷേവ് അടിച്ച ഗോളിന് ഒരു റഷ്യൻ റെവല്യൂഷന്റെ ചെറിയ സുഗന്ധമുണ്ടായിരുന്നു.

മധ്യനിരയിൽ നിന്നും സൗദി പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടിരുന്ന സ്മൊലോവിനെ അറുപത്തൊൻപതാം മിനിറ്റിൽ വിശ്രമത്തിന് വിട്ട് സ്വൂബയെ ഇറക്കുമ്പോൾ സൗദി ഒന്നാശ്വസിച്ചിരിക്കണം. പക്ഷെ രണ്ട് മിനിറ്റിനകം എഴുപത്തൊന്നാം മിനിറ്റിൽ സ്വൂബയുടെ പകരം വെയ്ക്കാനില്ലാത്ത കനത്ത ഒരു ഹെഢർ വല കുലുക്കുമ്പോൾ പൊട്ടിത്തെറിച്ച കാണികൾക്ക് പിന്നീട് ഇരിക്കേണ്ടി വന്നില്ല. തുടരെ തുടരെ പന്തുകൾ സൗദി പോസ്റ്റിലേക്ക് കടന്നും വന്നും പോയുമിരുന്നു. അകലെ റഷ്യയുടെ ഗോളി ഒരു ഗോൾ കിക്കിന് പോലുമുള്ള അവസരം നിഷേധിക്കപ്പെട്ട് കാഴ്ചക്കാരനായി നില്ക്കുകയായിരുന്നു.

ഫൗളുകൾ അപൂർവ്വമായ മത്സരത്തിൽ എൺപത്തിയേഴാം മിനിറ്റിൽ റഷ്യയുടെ ഗോളോവിനും തൊണ്ണൂറ്റി മൂന്നാം മിനുറ്റിൽ സൗദിയുടെ തെസീർ അൽ ജാസിമും മാത്രം മഞ്ഞ കാർഡുകൾ കണ്ടു. ഡെനിസ് ചേർഷേവ് അനായാസം നേടിയ തൊണ്ണൂറാം മിനിറ്റിലെ തന്റെ രണ്ടാം ഗോളിനു ശേഷവും അവശേഷിച്ച ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം തെസീറിന്റെ ഫൗളിൽ കിട്ടിയ ഫ്രീ കിക്ക് അതീവ സുന്ദരമായി ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിലേയ്ക്ക് ഗോളോവിൻ തന്റെ പേര് അന്വർത്ഥമാക്കും വിധം വളഞ്ഞ് കയറ്റി ഗോളാക്കുമ്പോൾ സൗദിയുടെ അന്തിമ വിസ്സിൽ വിളി വന്നിരുന്നു.

വാല്‍ക്കഷണം:

റഷ്യ ജയിച്ചു . സൗദി തോറ്റു. പക്ഷെ പ്രശ്നമതല്ല. ഇറ്റലിയും ഹോളണ്ടും ചിലിയും പോലെയുള്ള ടീമുകൾ യോഗ്യത നേടാനാകാതെ പുറത്തിരിക്കുകയും ദുർബല മേഖലയിൽ പെട്ടതിനാൽ മാത്രം സൗദിയും മറ്റും പോലുള്ള രണ്ടാം ഡിവിഷൻ ക്ലബ്ബ് നിലവാരം പോലുമില്ലാത്ത ടീമുകൾ ലോകകപ്പു  മഹാമത്സരങ്ങൾക്കിറങ്ങി നിറം കെടുത്തുകയും ചെയ്യുന്ന
യോഗ്യതാ സംവിധാനം ആശങ്കാകരമാണെന്ന് തെളിയിക്കുന്നു ഈ മത്സരം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close