FootballLatestNewsNews in BriefSportsWorld

സ്പെയിനും വീണു: മുൻ ചാമ്പ്യന്മാരുടെ ദുർമരണം തുടരുന്നു

By എം.എസ് ലാല്‍

1-1 എന്ന സമനിലയുടെ കെട്ടുപൊട്ടിച്ച ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് മുന്‍ ജേതാക്കള്‍ കൂടിയായ സ്‌പെയിന്‍ കെട്ടുകെട്ടിയ മത്സരം. റഷ്യ അതിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് സര്‍വ്വരാജ്യ ഫുട്‌ബോള്‍ സ്‌നേഹികളെയും സാക്ഷിനിര്‍ത്തി കുതിച്ച നിമിഷം. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര തുടരുന്നു:

ഷ്യയുടെ ഇഗ്നാഷേവിച്ച് എന്ന മുപ്പത്തൊൻപതുകാരൻ ഡിഫൻഡറുടെ ആത്മാർത്ഥമായ പ്രതിരോധ ശ്രമത്തിനിടെ കാലിൽ തട്ടി പോസ്റ്റിൽ കയറിയ സെൽഫ് ഗോളിന്റെ പിൻബലത്തിൽ കളി ജയിക്കാമെന്ന് കരുതിയ സ്പാനിഷ് ടീം തോൽവി ഇരന്നു വാങ്ങുകയായിരുന്നു. ആദ്യ ഇലവനിൽ ഇനിയേസ്റ്റയെ ഉൾപ്പെടുത്താതെ അറുപത്തിയേഴാം മിനുട്ടുവരെ അടുപ്പിലിട്ട് പുഴുങ്ങിയെടുത്ത പോലെ ടിക്കിടാക്ക തട്ടിക്കളിച്ച് പാസ്സിംഗ് റെക്കോർഡും പൊസഷൻ ശതമാനവും കൂട്ടിയ റാമോസും സംഘവും ഭാവനാസമ്പന്നമായ ഒരു നീക്കവും പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചില്ല.

എന്നാൽ നിങ്ങളിങ്ങനെ സ്വന്തം ഹാഫിലും സെന്ററിലും പാസ്റ്റ് ചെയ്ത് കൊണ്ടേ യിരുന്നോളൂ, ഞങ്ങൾ പെനാൽട്ടി ഷൂട്ടൗട്ടിന് സജ്ജരാകുകയാണ് എന്ന മട്ടിലായിരുന്നു റഷ്യയുടെ ഭാവം. അവർക്ക് കിട്ടിയ ഏക അവസരം അവർ ഗോളാക്കിയിരുന്നു. സ്യൂബയുടെ ഗോളെന്നുറച്ച ഒരു തകർപ്പൻ ഹെഡർ പീക്വെ, താനറിയാത്ത പോലെ കൈ ഉയർത്തി തടുക്കുമ്പോൾ റഫറിയൊട്ടും മടിച്ചില്ല പെനാൽട്ടി അനുവദിക്കുവാൻ. പ്രതിഷേധിച്ചതിന് പീക്വെയ്ക് മഞ്ഞക്കാർഡും. അങ്ങനെ നാൽപത്തിയൊന്നാം മിനിട്ടിൽ സ്വൂബയെടുത്ത പെനാൽട്ടി കിക്ക് അനായാസം ഗോളാകുമ്പോൾ ഡിഗെയ് നിരാലംബനായിരുന്നു. ഒരു പക്ഷെ ടൈബ്രേക്കർ വരെ കളിയെത്തിക്കാൻ റഷ്യക്ക് ആത്മവിശ്വാസം ലഭിച്ചത് ആ ഗോളിൽ നിന്നുമായിരുന്നു.

സ്പാനിഷ് നിരയിൽ ഇസ്കോ മാത്രം പന്തുമായി കയറിയിറങ്ങി. ഇനിയേസ്റ്റ വരുന്നതുവരെ പക്ഷെ ഇസ്കോ ഏകനായ പോരാളിയായിരുന്നു. ബുസ്‌കെറ്റ്സും കോസ്റ്റയും നാട്ടിലെത്താനുള്ള തിടുക്കം കാണിച്ച പോലെ തോന്നിപ്പിച്ചു. റഷ്യയുടെ ഗോളോവിൻ കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി സ്പാനിഷ് മുഖത്തേക്ക് നീങ്ങിയിരുന്നെങ്കിലും ഗോളി പരീക്ഷിക്കപ്പെട്ടില്ല.

കളിയുടെ അവസാന നിമിഷങ്ങളിൽ ഇനിയേസ്റ്റയുടെ മികച്ച ഒരു നീക്കം റഷ്യൻ ഗോളി രക്ഷപ്പെടുത്തി. സ്പാനിഷ് ടിക്കി ടാക്കയിൽ വസന്ത പുഷ്പങ്ങൾ വിരിയാത്ത വിരസതയുടെ തൊണ്ണൂറു മിനുട്ടും പിന്നിട്ട് റഷ്യൻ മണ്ണിലെ ആദ്യ എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിൽ സ്പെയിൻ ഉണർന്നു തുടങ്ങിയിരുന്നു. പക്ഷെ എല്ലാ ശ്രമങ്ങളും റഷ്യൻ പടനായകൻ കൂടിയായ ഗോൾകീപ്പർ അക്കിൻസീവിന്റെ കരങ്ങളിൽ സ്വസ്ഥമായി അവസാനിച്ചു. ഗോളിയുടെ ആത്മവിശ്വാസം കൂട്ടിയ കുറച്ച് നല്ല സേവുകൾ. എക്സ്ട്രാ ടൈം അവസാനിക്കുമ്പോളും ഓരോ ഗോൾ സമവാക്യം. റഷ്യ കളിയുടെ തുടക്കത്തിലേ കാത്തു വെച്ച പെനാൽട്ടി ടൈബ്രേക്കറിലേക്ക്.

റാമോസിന് ഹസ്തദാനം നൽകി തന്റെ മാത്രം സാമ്രാജ്യമായ ഗോൾ പോസ്റ്റിലേക്ക് നടന്നടുക്കുമ്പോൾ റഷ്യൻ നായകൻ ലുഷ്നിക്കിയിലെ ഗാലറിയിലേയ്ക്ക് ഒരു വട്ടം നോക്കി നിന്നു. ഒരു കാലത്ത് ലോകത്തിന്റെ നെറുകയിൽ നിന്ന ഒരു രാജ്യത്തെ ജനത തിളങ്ങുന്ന കണ്ണുകളോടെ തന്നെ അത്രമേൽ പ്രതീക്ഷയോടെ കാത്ത് നില്ക്കുന്നത് അയാൾ കണ്ടു. ഒപ്പം ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മഹാരഥനായ ലെവ് യാഷിന്റെ പിന്മുറക്കാരനെന്ന ആത്മാഭിമാനം അയാളിൽ ഇരമ്പിയിരുന്നിരിക്കാം.

പേരുകേട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽക്കാരൻ സ്പെയിനിന്റെ ഡിഗെയ്ക്ക് പക്ഷെ പരാജിതന്റെ ശരീരഭാഷയായിരുന്നു. ആദ്യം സ്പെയിൻ. ഇനിയേസ്റ്റയുടെ അനായാസ കിക്ക്. ഗോൾ. റഷ്യൻ മറുപടി സ്മോളോവിലൂടെ. പീക്വെ വക രണ്ടാം സ്പാനിഷ് ഗോൾ. കളിയിലെ ഓൺ ഗോൾ സമ്മർദ്ദം ഇല്ലാതെ ഇഗ്നഷേവിച്ചിന്റെ ഈക്വലൈസർ. അടുത്ത ഊഴം കോക്കെയുടേത്. അക്കിൻസീവ് കാത്തിരുന്ന ഉജ്വല സേവ് ! റഷ്യവക മൂന്നാം ഗോൾ ഗോളോവിനിലൂടെ. റാമോസ് വീണ്ടും സ്പാനിഷ് പ്രതീക്ഷ കൊളുത്തി നേടിയ അനായാസ ഗോൾ. ചെറിഷേവ് റഷ്യയുടെ നാലാമത്തെ കിക്കും ഗോളാക്കുന്നു. സമ്മർദ്ദം സ്പെയിനുമേൽ. ഗോൾ നിഷേധിച്ചാൽ സ്പെയിൻ പുറത്ത്. കോസ്റ്റയുടെ അഭാവത്തിൽ നിർണായക കിക്കെടുക്കുന്നത് ആസ് പാസ്സ്. പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ആസ്പാസ് ഷോട്ട്. അക്കിൻസീവിന്റെ കൈയിൽ എത്താതെ വന്ന പന്ത് പറന്നു വീഴും മുൻപേ കാൽ കൊണ്ട് അടിച്ച് പുറത്തേയ്ക്ക്; സ്പെയിൻ പുറത്തേയ്ക്കും!

ആയിരത്തിലേറെ പാസ്സുകൾ കൊണ്ട് വല നെയ്ത സ്പാനിഷ് ഫുട്ബോളിന് അക്കിൻസീവ് വക ഔട്ട് പാസ്സ്! ലുഷ് നിക്കിയിൽ അപ്പോഴേയ്ക്കും പെയ്ത മഴയിൽ റഷ്യ നനഞ്ഞ് ലോകകിരീടം ജയിച്ചു നിന്നു. ഗാലറിയിൽ ഒരു ഈജിപ്ഷ്യൻ യുവതി നെഞ്ചിൽ സലയുടെ ചിത്രവുമായി റാമോസിനെ നോക്കി പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. ഇനിയേസ്റ്റ കളം വിട്ടു. മുൻ ചാമ്പ്യന്മാരുടെ ദുർമരണം ഏറെ കണ്ട ഈ റഷ്യൻ മണ്ണിൽ ഇനി ഉറുഗ്വേയെയും ബ്രസീലിനെയും ഫ്രാൻസിനെയും ആർക്കും തോൽപ്പിക്കാമെന്നായിരിക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close