Samskara

സംസ്‌കാരത്തിന്‍റെ ദൃശ്യവിസ്മയങ്ങള്‍

ടിവി സംസ്‌കാരയുടെ മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരിപ്രസാദ് എഴുതുന്നു

ല്ലാ സംസ്‌കാരങ്ങളെയും വിശാലമായ ഒരു മാനവികതയുടെ വീക്ഷണകോണിലൂടെ കാണാന്‍ കഴിയുമ്പോഴാണ് നമ്മുടെ കാഴ്ച്ചയും കാഴ്ച്ചയുടെ അനുഭൂതിയും സഫലമാവുന്നത്. ആ അനുഭൂതിസാഫല്യമാണ് ടിവി സംസ്‌കാര പ്രേക്ഷകര്‍ക്ക് ഉറപ്പുനല്‍കുന്നത്.

ലോകത്തെവിടെയും മനുഷ്യര്‍ കൂട്ടംചേര്‍ന്നാണ് ജീവിക്കുന്നത്. ആ കൂട്ടായ്മയെയാണ് നാം സമൂഹം എന്ന് വിളിക്കുന്നത്. ഓരോ സമൂഹത്തിനും ഓരോ സ്വഭാവരീതികളും ജീവിതശൈലികളും വസ്ത്രധാരണരീതികളും കലാമികവുകളും ഭാഷകളും ആചാരങ്ങളും വിശ്വാസരീതികളും വിനോദങ്ങളുമായിരിക്കും. ഇവയുടെയെല്ലാം സമഞ്ജസമായ സമ്മേളനത്തെയാണ് ആ പ്രത്യേക സമൂഹത്തിന്‍റെ  സംസ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത്. ദേശങ്ങള്‍ മാറുന്നതിനനുസരിച്ച് അതാത് പ്രദേശങ്ങളിലെ സംസ്‌കാരവും വിഭിന്നമായിരിക്കും. മനുഷ്യകുലത്തിന്‍റേതു മാത്രമായ സവിശേഷതയാണ് സംസ്‌കാരം എന്നത്.

സംസ്‌കാരത്തിന്‍റെ ചരിത്രത്തിന് മനുഷ്യര്‍ ഭൂമിയില്‍ സമൂഹമായി പുലരുവാന്‍ തുടങ്ങിയിടത്തോളം പഴക്കമുണ്ട്. അന്നുമുതലേ അവരേവര്‍ക്കും സവിശേഷമായ സംസ്‌കാരങ്ങളുണ്ടായിട്ടുണ്ടാവാം. ആദിമനിവാസികളുടെ ഗുഹകളില്‍ നിന്ന് കണ്ടെത്തിയ ജീവിതാവശിഷ്ടങ്ങളും ശിലാഗുഹകളിലെ ചിത്രങ്ങളും ഇതാണ് തെളിയിക്കുന്നത്. ആദിമ മനുഷ്യര്‍ താമസിച്ചിരുന്നിടത്ത് നിന്ന് ലഭ്യമായ തെളിവുകളും അവര്‍ക്ക് പ്രത്യേക സംസ്‌കാരങ്ങളുണ്ടായിരുന്നുവെന്നു തന്നെയാണ് തെളിയിക്കുന്നത്.

എന്താണ് സംസ്‌കാരം? അതിന് നിയതമായ ഉത്തരങ്ങളില്ല. ഒരു സമൂഹത്തിന് സംസ്‌കാരമെന്ന് തോന്നുന്നത് മറ്റൊരു സമൂഹത്തിന് സംസ്‌കാരമായി തോന്നണമെന്നില്ല. ചുരുക്കത്തില്‍ സംസ്‌കാരം എന്നത് ആപേക്ഷികമാണെന്ന് പറയേണ്ടിവരും. നരവംശ ശാസ്ത്രജ്ഞരും ആ രീതിയില്‍ തന്നെയാണ് സംസ്‌കാരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രത്യേക ജീവിതശൈലികളുമായി ഒരു സമൂഹത്തിനകത്തു ജീവിക്കുന്നവരെ ആ സമൂഹത്തിന് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നതുപോലെയാകണമെന്നില്ല സമൂഹത്തിനകത്ത് ഉള്ളവര്‍ക്ക് അനുഭവപ്പെടുന്നത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരങ്ങളും വൈരുദ്ധ്യങ്ങളും സ്വരച്ചേര്‍ച്ചകളും ആരംഭിക്കുന്നതും ഒരുപക്ഷേ ഈ ആപേക്ഷികത കൊണ്ടാകാം.

ഭാരത സംസ്‌കാരത്തെ സംബന്ധിച്ചും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. വെളിയില്‍ നിന്ന് നോക്കുന്നവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരം എന്നത് ശൈലീഭേദങ്ങളില്ലാത്ത ഏകരൂപമായ ഒരൊറ്റ സംസ്‌കാരമായി തോന്നിയേക്കും. പക്ഷേ, ഭാരതമെന്ന ഉപഭൂഖണ്ഡത്തില്‍ ജീവിച്ചുപോരുന്നവര്‍ക്ക് സംസ്‌കാരമെന്നത് സംസ്ഥാനങ്ങള്‍ മാറുന്നതിനനുസരിച്ച് മാത്രമല്ല, ഭാഷകള്‍ മാറുന്നതിനനുസരിച്ച് മാത്രമല്ല, ജില്ലകളും പഞ്ചായത്തുകളും മാറുന്നതിനനുസരിച്ചുപോലും മാറുന്നതായി കാണാം. ബഹുരൂപമായ, ബഹുശാഖികളുള്ള, എണ്ണിയാലൊടുങ്ങാത്ത അടരുകളുള്ള വിശാലതയും അതിന്‍റെ വൈപുല്യവുമാണ് ഭാരതസംസ്‌കാരം.

സംസ്‌കാരം, അത് വിശാലാര്‍ത്ഥത്തില്‍ തരംതിരിക്കപ്പെട്ടതുപോലെ പടിഞ്ഞാറന്‍ സംസ്‌കാരമായ പാശ്ചാത്യസംസ്‌കാരമാവട്ടെ, കിഴക്കന്‍ സംസ്‌കാരമായ പൗരസ്ത്യ സംസ്‌കാരമാവട്ടെ, അറേബ്യന്‍ സംസ്‌കാരവും ആഫ്രിക്കന്‍ സംസ്‌കാരവുമാവട്ടെ എല്ലാ സംസ്‌കാരങ്ങളെയും വിശാലമായ ഒരു മാനവികതയുടെ വീക്ഷണകോണിലൂടെ കാണാന്‍ കഴിയുമ്പോഴാണ് നമ്മുടെ കാഴ്ച്ചയും കാഴ്ച്ചയുടെ അനുഭൂതിയും സഫലമാവുന്നത്. ആ അനുഭൂതിസാഫല്യമാണ് ടിവി സംസ്‌കാര പ്രേക്ഷകര്‍ക്ക് ഉറപ്പുനല്‍കുന്നത്.

സംസ്‌കാരത്തിന്‍റെ നന്മയും തെളിമയും ദൃശ്യവിസ്മയങ്ങളായി സ്വീകരണമുറികളിലേയ്ക്ക്, വിരല്‍തുമ്പുകളിലൂടെ പ്രേക്ഷകലക്ഷങ്ങളിലേയ്ക്ക്. അതാണ് ടിവി സംസ്‌കാര വിഭാവനം ചെയ്യുന്നത്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close