LatestNationalNewsNews in Brief

കുമാരസ്വാമിക്കും സിദ്ധരാമയ്യയ്ക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

By web desk

ര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്.

കോടതി നിര്‍ദ്ദേശ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങി 23 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും മുന്‍ ബംഗളൂരു പൊലീസ് കമ്മീഷണര്‍ ടി സുനീല്‍കുമാറടക്കം ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇതേ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.

പൊതുപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന എ മല്ലികാര്‍ജുന്‍ എന്നയാളാണ് കേസിനാസ്പദമായ പരാതി നല്‍കിയത്. ബെംഗളൂരു സിസിഎച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്സ്യല്‍ സ്ട്രീറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജെഡിഎസ് , കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി ചോര്‍ത്തി നല്‍കിയതായി പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരുവിലെ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. ആദായ നികുതി വകുപ്പ് ബിജെപിയുടെ ഏജന്റാണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു. കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യദ്രോഹക്കുറ്റം നടക്കുന്നത് കണ്ടിട്ടും ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close