FootballLatestSportsWorld

സമനിലയിലും തലയുയർത്തി പോർച്ചുഗൽ: ക്രിസ്റ്റ്യാനോയ്ക്ക് മിന്നുന്ന ഹാട്രിക്

ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച് പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന പരമ്പര

ഗ്രൂപ്പ് ബിയിലെ അഭിമാനപ്പോരിൽ ചിരവൈരികളായ സ്പെയിനും പോർച്ചുഗലും ഏറ്റുമുട്ടുമ്പോൾ ലോകം മുഴുവൻ കണ്ണും കാതും തുറന്നു വെച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന സമാനതകളില്ലാത്ത പ്രതിഭയുടെ കളിയഴകനുഭവിച്ചറിയുന്നതിനായിരുന്നു. കളിക്കളത്തിൽ സ്പെയിനെ ഒറ്റയ്ക്ക് പിടിച്ചുകെട്ടി  ജയത്തിനോളം വരുന്ന സമനിലയുമായി മൈതാനം വലം വെച്ച ക്രിസ്റ്റ്യാനോ തന്റെ വരവറിയിച്ചു തന്നെയാണ് കളം വിട്ടത്.

മണ്ണിന്റെയും മതത്തിന്റെയുമൊക്കെ പേരിൽ അയൽ രാജ്യങ്ങൾ ശത്രുക്കളാകുന്ന ലോകത്തിൽ ഫുട്ബോൾ എന്ന വികാരത്തിന്റെ പേരിൽ തോൽക്കാൻ കൂട്ടാക്കാത്ത സ്പെയിൻ, പോർച്ചുഗൽ എന്നീ ചിരവൈരികൾ ഏറ്റുമുട്ടിയത് പേരിനൊപ്പമുള്ള പെരുമയോടെ തന്നെയാണ്.

കളിയുടെ തുടക്കത്തിൽ തന്നെ ആഞ്ഞടിച്ച് സ്പാനിഷ് പാസ്സിംഗ് ഗെയിം ഉലയ്ക്കുകയെന്നതായിരുന്നു ഫെർണാണ്ടോ സാന്റോസിന്റെ തന്ത്രം. നാലാം മിനിറ്റിൽ തന്നെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി കിക്ക്, ഗോളിക്ക് തടുക്കാനാകാത്ത ഒരു കനത്ത ഷോട്ടിലൂടെ ആ  തന്ത്രം അക്ഷരാർത്ഥത്തിൽ ക്രിസ്റ്റ്യാനോ നടപ്പാക്കി.

ഗോൾ വീണതോടെ പക്ഷേ, സ്പാനിഷുകാർ ഉണരുകയും അവരുടെ സുന്ദരമായ പാസ്സിംഗ് ഗെയിം വീണ്ടെടുക്കയും ചെയ്തു. മധ്യനിരയിൽ നിന്നും ഇനിയേസ്റ്റയിലൂടെ ഡീഗോ കോസ്റ്റ വരെ ഇടമുറിയാതെ പന്ത് ഒഴുകിയിറങ്ങി. ഇരുപത്തിനാലാം മിനിറ്റിൽ കോസ്റ്റ ഏതാണ്ട് ഒറ്റയ്ക്ക് നേടിയ മനോഹരമായ ഗോൾ മൂന്നു ഡിഫൻറർമാരെ മറികടന്നായിരുന്നു.
സ്പാനിഷ് പ്രതിരോധ താരം പീക്വയുടെ പിഴവിൽ നിന്നുമായിരുന്നു ആ സമനില ഗോൾ.

സ്പെയിന്റെ നിരന്തരമായ ആക്രമണങ്ങൾ പോർച്ചുഗീസ് പ്രതിരോധത്തെ കീറി മുറിച്ചു കൊണ്ടിരിക്കെ കളിയുടെ ഗതിയ്ക്ക് വിപരീതമായി ഹാഫ് ടൈമിന്റെ അവസാന നിമിഷം പെനാൽട്ടി ബോക്സിനു മുന്നിൽ ലഭിച്ച പന്ത് ക്രിസ്റ്റ്യാനോ ഇടം കാൽ കൊണ്ട് അടിച്ചു കയറ്റിയത് ഗോളിയുടെ കൈയ്യിൽ നിന്നും വഴുതി പോസ്റ്റിന്റെ ഉള്ളിലേയ്ക്കു കയറുമ്പോൾ ഗോൾകീപ്പർ സ്വന്തം പിഴവിനെ പഴിച്ച് നിലത്തിരിക്കുകയായിരുന്നു.

ഒന്നാം പകുതിയിൽ സ്പെയിൻ അഞ്ച് കോർണർ നേടിയപ്പോൾ പോർച്ചുഗീസുകാർക്ക് ഒന്നു പോലും നേടാനായിരുന്നില്ല. കൗണ്ടർ അറ്റാക്കുകളിലൂടെ മാത്രം കളിമെനയുകയായിരുന്നു പോർച്ചുഗീസ് കളിക്കാർ ചെയ്തത്. കളിയുടെ അൻപത്തിനാലാം മിനിറ്റിൽ ഇനിയേസ്റ്റയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് പെനാൽട്ടി ബോക്സിനുള്ളിലേയ്ക്ക് ഇടതു വശത്തു നിന്നും ഒരു ഹെഢറായിറങ്ങി വരുമ്പോൾ കോസ്റ്റയ്ക്ക് അത് തന്റെ രണ്ടാം ഗോൾ ആക്കി മാറ്റാൻ ഏറെ പണിപ്പെടേണ്ടി വന്നില്ല.

ആ ഗോളിന്റെ ആഘോഷം തീരും മുൻപേ പോർച്ചുഗലിന്റെ നെഞ്ചിൽ തീ കോരിയിട്ട് അൻപത്തെട്ടാം മിനിറ്റിൽ നാച്ചോയുടെ അതിശക്തമായ ഒരു ഷോട്ട് വലത്തേ ഗോൾ പോസ്റ്റിൽ തട്ടി വലയിൽ കയറി. സ്പയിൻ ലീഡെടുത്തതോടെ ഫെർണാണ്ടോ ഹിയറോ തന്റെ വിശ്വസ്തരായ ഇനിയേസ്റ്റയെയും കോസ്റ്റയെയും തിരിച്ചുവിളിച്ചു.

ലീഡ് വഴങ്ങിയതോടെ, എതിർ ഗോൾ മുഖത്തേക്ക് പന്തെത്താതെ ക്രിസ്റ്റ്യാനോ മൈതാനത്ത് അസ്വസ്ഥനായി കാണപ്പെട്ടു. കളിയേറെക്കുറെ സ്പെയിൻ നിയന്ത്രിക്കുന്ന സമയം; എൺപത്തിയെട്ടാം മിനുറ്റ്. അത് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ജീനിയസിന്റെ നിശ്ചയദാർഢ്യത്തിന്റെയും കൃത്യതയുടെയും നിമിഷമായിരുന്നു. തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് എടുക്കുന്ന റൊണാൾഡോ. വലം തുടയുടെ മുകളിലേക്ക് വസ്ത്രം ചുരുട്ടി കയറ്റി കണ്ണിമയടക്കാതെ തിരുമാനിച്ചുറച്ച് നില്ക്കുന്ന ആ കാഴ്ചയിൽ തന്നെ ഉറപ്പിച്ചിരുന്നു ഹാട്രിക്. വലംകാൽ ഷോട്ട് ഡിഫൻറർമാരുടെ തലയ്ക്കു മുകളിലൂടെ പറന്ന് ഗോൾ പോസ്റ്റിന് പുറത്തേക്കെന്ന് വിശ്വസിപ്പിച്ച് പിന്നെ ഇടത്തോട്ട് തിരിഞ്ഞ് താഴ്ന്ന് വലയിലേക്ക് ഒഴുകി വീണ ആ പന്തിനെ  ഗോളെന്ന് മാത്രം വിളിക്കാനാകില്ല. അത്രമേൽ ചാരുതയോടെ ക്രിസ്റ്റ്യാനോയും സംഘവും സ്പെയിനിനെ തളച്ച് മടങ്ങുമ്പോൾ 1921ൽ തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള ഫുട്ബോൾ വൈരത്തിന്‌ ആരാധകർ പേരിട്ട ഐബീരിയൽ ഡർബിയിൽ ഇരു കൂട്ടർക്കും തോല്ക്കാനായില്ലെന്നത് മാത്രമാകും അവരുടെ ആഹ്ലാദം

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close