KeralaLatestNewsNews in Brief

ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ചികിത്സ വൈകിയെന്ന് ആരോപണം

By web desk

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണം. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്.

ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ പ്രതികരിച്ചത്.

ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ലെന്നും കുട്ടികള്‍ പറയുന്നു. സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളാണ് ഉള്ളത്. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ല. അതേ സമയം അദ്ധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് ഷഹ്ല ഷെറിന് പാമ്പു കടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷഹ്ല മരിച്ചത്. ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഏറെ നേരെ നിരീക്ഷണത്തില്‍ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാനായിരുന്നില്ല.

അതേസമയം പാമ്പിനെ കണ്ടതായി ഇതുവരെ കുട്ടികള്‍ പരാതിപ്പെട്ടിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. സ്‌കൂളിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചിരുന്നതായും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close