KeralaNationalNews

ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച്‌ സുധീരന്‍: ജനപക്ഷയാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ലക്ഷ്യമിട്ടുകൊണ്ട്‌ വി.എം സുധീരന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെ ഇന്നും ആഞ്ഞടിച്ചു. രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ വിട്ടുകൊടുത്തതിനു്‌ പിന്നില്‍ കോണ്‍ഗ്രസിലെ ആര്‍ക്കും ആ സീറ്റ്‌ ലഭിക്കരുതെന്ന ചിലരുടെ അജണ്ടയാണെന്ന്‌ സുധീരന്‍ ആരോപിച്ചു. ബിജെപിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നടപടികള്‍ക്ക്‌ കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ തടയിടുകയാണ്‌. പാര്‍ട്ടിക്കുവേണ്ടി വിശാലമനസ്‌കതയോടെ പ്രവര്‍ത്തിക്കുന്നതിനുപകരം സങ്കുചിത താല്‌പര്യമാണ്‌ ഇവിടുത്തെ നേതാക്കള്‍ക്കുള്ളതെന്നും സുധീരന്‍ ആഞ്ഞടിച്ചു.

താന്‍ ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി നടത്തിയ പരസ്യ പ്രസ്‌താവനകളെ വിലക്കണമെന്ന്‌ സൂചിപ്പിച്ച സംസ്ഥാനനേതൃത്വത്തിന്റെ നടപടിയെ വിഎം സുധീരന്‍ പരഹിസിച്ചു. പൊറുക്കാനാകാത്ത അപരാധങ്ങള്‍ ചെയ്‌ത നേതൃത്വം ഇപ്പോള്‍ തെറ്റുകള്‍ മറച്ചുവയ്‌ക്കാന്‍ പരസ്യപ്രസ്‌താവനകള്‍ പാടില്ലെന്ന ഒറ്റമൂലിയുമായി വന്നിരിക്കുകയാണ്‌. പരസ്യപ്രസ്‌താവനകള്‍ കോണ്‍ഗ്രസില്‍ പല കാലങ്ങളിലും ഉണ്ടായിട്ടുണ്ട്‌. അവയൊന്നും പുതിയ കാര്യമേയല്ല. പരസ്യപ്രസ്‌താവന പാടില്ലെന്ന്‌ പറഞ്ഞ നേതാക്കളുടെയൊക്കെ ചരിത്രം പരിശോധിച്ചുനോക്കണമെന്നും വി.എം സുധീരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ നിശിതമായി വിമര്‍ശിച്ചും രമേശ്‌ ചെന്നിത്തലയെ അനുകൂലിച്ചുമായിരുന്നു സുധീരന്റെ സംസാരം. താന്‍ കെപിസിസി അധ്യക്ഷനായത്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇഷ്ടമല്ലായിരുന്നു. ഉമ്മന്‍ചാണ്ടിയില്‍ നിന്ന്‌ തനിക്ക്‌ ഒരു പിന്തുണയും ലഭിച്ചില്ല. അതിക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ്‌ തനിക്കുനേരെ ഉമ്മന്‍ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. കെപിസിസി അധ്യക്ഷനായ ശേഷം ആദ്യമായി താന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ ആ മുഖത്ത്‌ നീരസഭാവമായിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത്‌ കെപിസിസി ്‌അധ്യക്ഷപദവി താന്‍ ഏറ്റെടുത്തപ്പോള്‍ ആ ചടങ്ങില്‍ പോലും ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. പിന്നീട്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടിയൊക്കെ വന്നു കണ്ടതിന്‌ ശേഷമാണ്‌ ഉമ്മന്‍ചാണ്ടി വന്നുകണ്ടത്‌. അദ്ദേഹം മന:പൂര്‍വ്വം വരാതിരുന്നതാണെന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും വി.എം സുധീരന്‍ ആരോപിച്ചു.

മറ്റാരെയും പോലെ കെപിസിസി അധ്യക്ഷനാകാന്‍ എല്ലാംകൊണ്ടും യോഗ്യനാണ്‌ താനെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ സുധീരന്‍ പറഞ്ഞു. പക്ഷേ അധ്യക്ഷനായ ശേഷം ആദ്യമായി നടത്തിയ ജനപക്ഷയാത്ര പരാജയമാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. യാത്ര ഉദ്‌ഘാടനം ചെയ്‌തത്‌ ഉമ്മന്‍ചാണ്ടിയായിരുന്നുവെങ്കിലും പ്രസംഗത്തില്‍ ഒരുഭാഗത്തുപോലും ഉമ്മന്‍ചാണ്ടി തന്റെ പേരു പറഞ്ഞില്ല. രണ്ടാമതു നടത്തിയ യാത്രയിലും ഇതുതന്നെയായിരുന്നു അവസ്ഥ. ജനരക്ഷായാത്ര കോട്ടയത്ത്‌ എത്തിയപ്പോള്‍ മാത്രമാണ്‌ ഉമ്മന്‍ചാണ്ടി തന്നെ അല്‌പമെങ്കിലും പുകഴ്‌ത്തിയതെന്ന്‌ സുധീരന്‍ പരിഭവം പ്രകടിപ്പിച്ചു.

ജോസ്‌ കെ മാണിക്ക്‌ രാജ്യസഭാസീറ്റ്‌ നല്‍കാന്‍ തീരുമാനമെടുത്തത്‌ ഹിമാലയന്‍ മണ്ടത്തരമാണെന്ന്‌ വി.എം. സുധീരന്‍ പരിഹസിച്ചു. നിലവിലുള്ള ഒരു ലോക്‌സഭാ സീറ്റ്‌ നഷ്ടപ്പെടുത്തിയത്‌ ഹിമാലയന്‍ അബദ്ധമാണ്‌. കോണ്‍ഗ്രസിന്റെ നഷ്ടം ബിജെപി നേട്ടമാക്കുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്‌. കെ.എം മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്നതിന്‌ എന്ത്‌ ഉറപ്പാണുളളത്‌. അത്തരത്തിലുള്ള ഒരുറപ്പെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ വാങ്ങേണ്ടതായിരുന്നുവെന്ന്‌ സുധീരന്‍ ഓര്‍മ്മിപ്പിച്ചു.

ആര്‍എസ്‌പിക്ക്‌ കൊല്ലം ലോക്‌സഭാസീറ്റ്‌ നല്‍കിയത്‌ വെറും അഞ്ചുമിനിറ്റുകൊണ്ട്‌ എടുത്ത തീരുമാനമായിരുന്നില്ല. ആ രീതിയില്‍ ഇപ്പോള്‍ ചില നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ തെറ്റാണ്‌. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്‌ സീറ്റ്‌ നല്‍കിയത്‌. ചാഞ്ചാടുന്ന സ്വഭാവമുള്ള പാര്‍ട്ടിയല്ല ആര്‍.എസ്‌.പി. പക്ഷേ, കെ.എം മാണി ചാഞ്ചാട്ടക്കാരനാണ്‌. സിപിഎമ്മിനോടും ബിജെപിയോടും ഒരേപോലെ വിലപേശിയ മാണിയുടെ പാര്‍ട്ടിക്ക്‌ രാജ്യസഭാ സീറ്റ്‌ കൊടുക്കുന്നതിന്‌ മുമ്പ്‌ ആലോചിച്ചുവേണമായിരുന്നു. നേതാക്കള്‍ക്ക്‌ സാമാന്യബുദ്ധിയുണ്ടെങ്കില്‍ ഇത്തരത്തിലുള്ള മണ്ടത്തരം കാണിക്കില്ലായിരുന്നുവെന്ന്‌ വി.എം സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ്‌ തനിക്ക്‌ ലഭിക്കാത്തതിലുളള നിരാശ കൊണ്ടാണ്‌ താന്‍ ഇതൊക്കെ പറയുന്നതെന്ന ആരോപണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന്‌ വി.എം സുധീരന്‍ വ്യക്തമാക്കി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ നിന്ന്‌ താന്‍ പണ്ടേ പി്‌ന്മാറിയതാണെന്ന്‌ സുധീരന്‍ ഓര്‍മ്മിപ്പിച്ചു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close