LatestNewsNews in BriefWorld

സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം ഖബറടക്കി; വിടവാങ്ങിയത് ഇന്ത്യയുമായി മികച്ചബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരി

By web desk

ന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മൃതദേഹം മസ്‌കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ബര്‍ക്കയിലെ കൊട്ടാരത്തില്‍ നിന്ന് വന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ മൃതദേഹം മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദില്‍ കൊണ്ടുവന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് 40 ദിവസത്തെ ദുഖാചരണമാണ് രാജ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു ഖാബൂസ്. അദ്ദഹത്തിന്റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍, രാജസ്ഥാനിലെ അജ്മര്‍ മയോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂനെയില്‍ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ വിദ്യാര്‍ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്. പൂനെയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സുല്‍ത്താന്‍ ഖാബൂസ് പഠനം പൂര്‍ത്തിയാക്കിയത്.

എല്ലാക്കാലത്തും ഇന്ത്യയുമായും ഇന്ത്യന്‍ ഭരണാധികാരികളുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതിന് സുല്‍ത്താന്‍ ഖാബൂസ് ശ്രദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുല്‍ത്താന്‍ ഖാബൂസിനും ഇടയിലും മികച്ച ബന്ധമാണ് നിലനിന്നത്. യോജിക്കാവുന്ന പുതിയ മേഖലകളെ സംബന്ധിച്ച് ഇരു നേതാക്കളും അവരുടെ വിശാലമായ കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവെച്ചു. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് 2018-ല്‍ പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ് റോയല്‍ ബോക്സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയിരുന്നു. ഭരണാധികാരിയുടെ റോയല്‍ ബോക്സില്‍ നിന്നുകൊണ്ടാണ് അന്ന് മോഡി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്.

ഇന്ത്യന്‍ പ്രവാസികളോടും അദ്ദേഹം തന്റ ഇഷ്ടം കാത്തുസൂക്ഷിച്ചു. ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുല്‍ത്താന്‍ ഖാബൂസ്. ഇന്ത്യന്‍ സമൂഹത്തോട് എല്ലാക്കാലത്തും തുറന്നമനസ്സോടെയും പ്രത്യേക സ്‌നേഹത്തോടെയും ആണ് അദ്ദേഹം ഇടപെട്ടത്. സഹായം തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉടനടി അത് എത്തിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

സുല്‍ത്താന്‍ ഖബൂസ് ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇന്ത്യയും ഒമാനും തമ്മില്‍ ഊര്‍ജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നല്‍കി. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും ഞാന്‍ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ-ഖത്തര്‍ തര്‍ക്കത്തില്‍ ഇടപെട്ടും മുമ്പ് അമേരിക്ക ഇറാന്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ഇടപെട്ടും സുല്‍ത്താന്‍ ഖാബൂസ് ഗള്‍ഫ് മേഖലയിലെ സമാധാനത്തിനായി എന്നും ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുല്‍ത്താന്‍ ഖാബൂസ് അന്തരിച്ചന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അര്‍ബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്. ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായിട്ടാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close