KeralaLatestNewsNews in Brief

സംസ്ഥാനത്ത് 62 പേർക്ക് കൂടി കൊവിഡ്; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

By Web desk

സംസ്ഥാനത്ത് വെള്ളിയാഴ്ച 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. 10 പേർക്ക് ഇന്ന് കോവിഡ് നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സബ്ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

രോഗബാധിതരിൽ 33 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 23 പേരും. സമ്പർക്കത്തിലൂടെ ഒരാളും രോഗബാധിതരായി.

പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്-10, മഹാരാഷ്ട്ര -10, കർണാടക-1, ഡൽഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തു നിന്നെത്തിയവരുടെ വിവരം. വയനാട് 5, കോഴിക്കോട്-2, കണ്ണൂർ-1 മലപ്പുറം-1 കാസർകോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക് . ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1150 ആയി വർധിച്ചു. 577 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,23,087 പേർ വീടുകളിലോ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 11,468 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 10,635 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 101 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇന്ന് 22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുത്തി.

സംസ്ഥാനത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതുകൊണ്ട് വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ ഇത് ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12,191 ഐസലേഷൻ ബഡ്ഡുകൾ സജ്ജമാണ്. ഇപ്പോൾ 1080 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 1296 സർക്കാർ ആശുപത്രികളിലായി 49702 കിടക്കളും 1369 ഐസിയു കിടക്കകളും 1045 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയർ സെന്ററുകളും ഉണ്ട്. അതു കൊണ്ട് ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല.

കണ്ണൂരിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ രോഗബാധയുണ്ട്. സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേർക്കാണെങ്കിൽ കണ്ണൂരിൽ 20 ശതമാനമാണ് രോഗബാധ. 93 ആക്ടീവ് കേസിൽ 19 എണ്ണം സമ്പർക്കത്തിലൂടെ വന്നത്. കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടി വരും. ചിലത് രോഗവ്യാപന സ്ഥലങ്ങളാണ്. അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകും. രോഗ വ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം ആലോചിക്കും.

ഐ.സി.എം.ആർ നിഷ്കർഷിക്കുന്നത് അനുസരിച്ചാണ് കേരളത്തിൽ പരിശോധനകൾ നടത്തുന്നത്. കേരളത്തിൽ 100 ടെസ്റ്റുകൾ നടത്തുമ്പോൾ 1.7 ആളുകൾക്ക് മാത്രമാണ് കൊവിഡ് പോസറ്റീവാകുന്നത്. നമ്മുടെ ടെസ്റ്റ് പോസറ്റീവ് റേറ്റ് 1.7 ശതമാനമാണ്. എന്നാൽ രാജ്യത്ത് ഇത് 5 ശതമാനമാണ്. കൊറിയയിലേതു പോലെ രണ്ടു ശതമാനത്തിൽ താഴെയാക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close