LatestNationalNewsNews in Brief

‘നമസ്തേ ട്രംപില്‍’ ഇന്ത്യയേയും നരേന്ദ്ര മോദിയേയും വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

By web desk

മോദിയെ ‘ചാമ്പ്യന്‍ ഒഫ് ഇന്ത്യ’ എന്നും ‘രാജ്യത്തിനായി രാപ്പകല്‍ അധ്വാനിക്കുന്ന നേതാവെ’ന്നും വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഹമ്മദാബാദില്‍ വച്ച് നടക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി’യില്‍ പ്രസംഗിക്കവേയാണ് ട്രംപ് പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തിയത്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി വളരെ ‘ടഫാണെന്നും’ കഠിനാധ്വാനത്തിന്റെയും ഗാഢസ്നേഹത്തിന്റെയും ജീവിച്ചിരിക്കുന്ന തെളിവാണെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. ‘അഞ്ച് മാസം മുമ്പ് നിങ്ങളുടെ പ്രധാനമന്ത്രിയെ ടെക്സാസിലെ ഒരു വലിയ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍വെച്ച് അമേരിക്ക സ്വാഗതം ചെയ്തിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ച് ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്തു. ഈ ആതിഥ്യസല്‍ക്കാരം ഞങ്ങള്‍ എല്ലായ്പ്പോഴും ഓര്‍മിക്കും. ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

തന്റെ അച്ഛന്റെ കൂടെ ‘ചായ്വാല’ ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയില്‍ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനില്‍ക്കാന്‍ പറഞ്ഞ് ട്രംപ് ഹസ്തദാനം നല്‍കി. എല്ലാവര്‍ക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കര്‍ക്കശക്കാരന്‍ ആണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യന്‍ സിനിമ, കായിക മേഖലകളെ പ്രശംസിക്കാനും ട്രംപ് പ്രസംഗത്തില്‍ മറന്നില്ല. സച്ചിനേയും കോലിയേയും അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. എല്ലാ മതങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. 27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യക്ക് നേട്ടങ്ങള്‍ കൈവരിക്കാനായത് ജനാധിപത്യവും സഹിഷ്ണുതയും കാരണമാണ്. സ്വാമി വിവേകാനന്ദനും ഗാന്ധിജിയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നുവന്നു. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകും. ഇന്ത്യയിലെ സ്ത്രീ സംരംഭകര്‍ മികച്ചവരെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ചര്‍ച്ച തുടരുകയാണ്. ഇന്ത്യയുമായി 300 കോടി ഡോളറിന്റെ കരാര്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.

തങ്ങളുടെ പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഭരണത്തില്‍ ‘രക്തദാഹികളായ കൊലപാതകികളായ’ ഐസിസ് തീവ്രവാദികള്‍ക്ക് മേല്‍ അമേരിക്കന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നുവെന്നും ഇന്ന് ഐസിസ് നൂറുശതമാനമായും തകര്‍ന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ‘രാക്ഷസനായ’ അബു ബക്കര്‍ അല്‍ ബാഗ്ദാദി മരണമടഞ്ഞു. അമേരിക്ക ഇന്ത്യയ്ക്കായി ഏറ്റവും മികച്ചതും ‘ഭയപ്പെടുത്തുന്നതുമായ’ ആയുധങ്ങള്‍ നല്‍കുമെന്നും ലോകത്ത് ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് തങ്ങളാണെന്നും ട്രംപ് പറഞ്ഞു. ‘ഏറ്റവും മികച്ച ആയുധങ്ങള്‍ ഞങ്ങളുടെ കൈവശമാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടുകയാണ്. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക തീരുമാനിച്ച കാര്യം ഞാന്‍ സന്തോഷപൂര്‍വം നിങ്ങളെ അറിയിക്കുകയാണ്. ഏറ്റവും മികച്ച ഹെലികോപ്റ്ററുകളും മറ്റ് ആയുധങ്ങളും ഇതില്‍ ഉള്‍പ്പെടും.’- ട്രംപ് പറഞ്ഞു. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ അമേരിക്ക പാക്കിസ്ഥാനുമായി സഹകരിച്ച്പ്ര വര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പാക്കിസ്ഥാനുമായി അമേരിക്കയ്ക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഈ നയതന്ത്ര ബന്ധം ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ഒരു ലക്ഷത്തിലധികം പേരാണ് മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ നമസ്തെ ട്രംപ് പരിപാടിക്ക് എത്തിയത്. നന്ദി പ്രസംഗം നടത്തിയ മോദി ഇന്ത്യ-അമേരിക്ക സൗഹൃദം നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close