KeralaLatestNewsNews in Brief

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സിന്‍ഡിക്കേറ്റ് യോഗം; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍; സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയത് ഗുരുതരമായ വീഴ്ചയാണണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി.

പിടിച്ചെടുത്തത് സര്‍വകലാശാലയുടെ തന്നെ ഉത്തരക്കടലാസുകളാണെന്നും ഇത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും നഷ്ടപ്പെട്ടതാണെന്നും അന്വേഷണസമിതി കണ്ടെത്തിയിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഇത് സംബന്ധിച്ച് സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ക്രമനമ്പര്‍ അനുസരിച്ചാണ് സര്‍വകലാശാല ഓരോ കോളേജിനും ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്. 5-11-2015, 1-4-2016 എന്നീ തീയതികളില്‍ യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ചിലതാണ് പുറത്ത് പോയിരിക്കുന്നത്. ഇതില്‍പ്പെട്ടതാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതെന്ന് പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി.

കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ തന്നെയാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലാ പരീക്ഷയ്ക്ക് ഉത്തരം എഴുതാനുള്ള 180 ഓളം അഡിഷണല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പൊലീസ് പിടിച്ചെടുത്തിരുന്നു. യൂണിവേഴ്സിറ്റിയുടെ സീല്‍ പതിച്ച പതിനാറ് ബുക്ക്‌ലെറ്റ് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെത്തിരുന്നത്.

ഒരു ബുക്ക്‌ലെറ്റില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതുന്ന ഒന്നാം പേജ് അടക്കം പതിനൊന്ന് കടലാസുകളാണുള്ളത്. രണ്ട് വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഉത്തരക്കടലാസ് നഷ്ടമായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.നിയമപ്രകാരം പരീക്ഷാ ഹാളില്‍ മാത്രം ഉപയോഗിക്കേണ്ട ഉത്തരക്കടലാസുകളാണിവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ റൗണ്ട് ഓഫീസ് സീലാണ് ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.

2016ന് ശേഷവും ഇത്തരത്തില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഉത്തരക്കടലാസ് പുറത്തുപോയ സംഭവം അന്വേഷിക്കുന്നതിനൊപ്പം 2015 മുതലുള്ള ഉത്തരക്കടലാസുകളുടെ വിനിയോഗം സംബന്ധിച്ച് പരിശോധന നടത്താനും ഉപസമിതിയോട് നിര്‍ദേശിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close