CrimeLatestNationalNewsNews in Brief

ഉന്നാവോ പരാതിക്കാരി അപകടത്തില്‍പെട്ടതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം; കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കെന്ന് കുടുംബം

By web desk

ത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശക്തമാകുന്നു. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും , സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു. ഒപ്പം ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നതും സംഭവ ദിവസം ഇവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല എന്നതും ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നു.

ബന്ധുവിനെ കാണാന്‍ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെയാണ് കഴിഞ്ഞദിവസം ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. കാറിലുണ്ടായിരുന്ന അമ്മയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍ക്കുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

പ്രഥമദൃഷ്ട്യാ ഗൂഡാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്നാണ് ജില്ലാ പോലീസ് മേധാവി സുനില്‍ കുമാര്‍ അറിയിച്ചത്. എന്നാല്‍ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
. ഇതിനായി പല തെളിവുകളും ഇവര്‍ നിരത്തുന്നുണ്ട്. കാറിലിടിച്ച ട്രക്കിന്റെ നന്പര്‍ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നു. പെണ്‍കുട്ടിയോടൊപ്പം കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനല്‍കുന്നു. എന്നാല്‍ കാറില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷ ഉദ്യോസ്ഥരെ പെണ്‍കുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം. സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തുമെന്ന് ഉത്തര്‍ പ്രദേശ് ഡി ജി പി ഒ.പി സിങ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബം വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ കേസ് സിബിഐക്ക് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കാറിന്റെയും ട്രക്കിന്റെയും ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സത്യം പുറത്തുവരണമെങ്കില്‍ അപകടം സിബിഐ അന്വേഷിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അതേസമയം, ബിജെപി ഭരിക്കുന്ന നാട്ടില്‍ പീഡനനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പോലും നീതി കിട്ടുന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നിലവില്‍ ഉന്നാവോ പീഡനക്കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. 2017 ജൂണ്‍ നാലിന് ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നാണ് സിബിഐ കണ്ടത്തല്‍. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ല എന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close