KeralaLatestNewsNews in Brief

നെല്‍വയലും തണ്ണീര്‍ത്തടവും ആര്‍ക്കും നികത്താവുന്ന അവസ്ഥ: നിയമഭേദഗതി ബില്‍ പ്രതിപക്ഷം സഭയില്‍ കീറിയെറിഞ്ഞു

സഭാചരിത്രത്തിലെ കറുത്ത ദിനമെന്ന് ചെന്നിത്തല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ പ്രതിപക്ഷം നിയമസഭയില്‍ കീറിപ്പറത്തി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ആര്‍ക്കും നികത്താമെന്ന അവസ്ഥയാണ് ഭേദഗതിയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്ന് ആരോപിച്ചാണ് അവതരണത്തിനിടെ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞത്. ബില്‍ അവതരിപ്പിക്കരുതെന്ന് നേരത്തേതന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് പകരം സംഹാരമാണ് ബില്‍ പാസാക്കിയതിലൂടെ സഭ നിര്‍വ്വഹിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നാടകീയരംഗങ്ങള്‍ക്കിടയില്‍ ബില്‍ സഭ പാസ്സാക്കി. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബില്ലിന്റെ മൂന്നാംവായനക്കിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ആദ്യം പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. തുടര്‍ന്നാണ് ബില്‍ കീറിയെറിഞ്ഞത്. ഇപ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് ശുപാര്‍ശ നല്‍കാന്‍ പ്രാദേശിക-സംസ്ഥാനതല നിരീക്ഷണ സമിതികള്‍ക്കാണ് അധികാരമുള്ളത്. എന്നാല്‍ ഈ അധികാരം പുതിയ ബില്ലില്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. മാത്രമല്ല, പൊതു ആവശ്യത്തിന് നിലം നികത്താം എന്നും ചേര്‍ത്തു. ഇതുവഴി ആര്‍ക്കുവേണമെങ്കിലും എപ്പോഴും നിലം നികത്താമെന്ന സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

സുപ്രീംകോടതി വിധിക്കെതിരെയാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നും ഇത് നിയമസഭാചരിത്രത്തിലെ കറുത്ത ദിനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ നിയമം പാസ്സാകുന്നതോടെ അവശേഷിക്കുന്ന നെല്‍വയലുകള്‍ കൂടി കേരളത്തില്‍ നിന്ന് ഇല്ലാതാകും. പ്രകൃതിനാശത്തിലേയ്ക്ക് മാത്രമല്ല, സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഇത് വഴിയൊരുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. എന്നാല്‍ പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വികസനം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഭേദഗതി കൊണ്ടുവന്നതെന്നും സമൂഹത്തിന് ആവശ്യമായ നിയമങ്ങള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതി ബില്‍ പാസ്സാക്കിയതിലൂടെ 2008ന് മുമ്പ് ക്രമപ്പെടുത്തിയ ഭൂമി നികത്താന്‍ അവസരം ലഭിക്കും. പൊതു ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ സ്വകാര്യഗ്രൂപ്പുകള്‍ക്കും വയല്‍ നികത്താന്‍ അനുവാദം നല്‍കുന്നതാണ് പുതിയ ഭേദഗതി. തണ്ണീര്‍ത്തടം, കരഭൂമി, നെല്‍വയല്‍ എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി ബില്ലില്‍ ചേര്‍ത്തതിനാല്‍ നെലല്‍വയലുകളും നീര്‍ത്തടങ്ങളും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് തീറെഴുതുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

നിയമം ഭേദഗതി ചെയ്തതോടെ സിപിഎമ്മിന്റെ വലയില്‍ സിപിഐ കുരുങ്ങിയതായി സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close