LatestNewsNewsNews in BriefOtherSports

വനിതാ ഹോക്കി: മധ്യപ്രദേശിനായി മാസ്മരിക പ്രകടനം; ടൂര്‍ണമെന്റിലെ ശ്രദ്ധേയ കേന്ദ്രമായി കരിഷ്മ

By web desk

കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ നേട്ടക്കാരികളുടെ പട്ടികയില്‍ മുന്നിലാണ് മധ്യപ്രദേശ് താരം കരിഷ്മ സിങ്ങ്. മിന്നും ഗോളുകള്‍ നേടിയാണ് ടൂര്‍ണമെന്റില്‍ കരിഷ്മയുടെ മാസ്മരിക പ്രകടനം. ഫീല്‍ഡ് ഗോളുകളും പെനാല്‍ട്ടി കോര്‍ണര്‍ ഗോളുകളും ഉള്‍പ്പെടെ ഏഴ് ഗോളുകളാണ് കരിഷ്മയുടെ ഗോള്‍ ശേഖരത്തിലുള്ളത്. മധ്യപ്രദേശ് ടീം കളിച്ച മത്സരങ്ങളില്‍ എല്ലാം തോല്‍വിയറിയാതെ മുന്നേറിയത് കരിഷ്മയുടെ പ്രകടനത്തിന്റെ മികവിലായിരുന്നു. മധ്യപ്രദേശിന് പുറമെ ടൂര്‍ണമെന്റിന്റെയാകെ ശ്രദ്ധാകേന്ദ്രമാണ് ഇപ്പോള്‍ ഈ 21 കാരി.

കുടുംബപരമായി സ്‌പോര്‍ടസിനോട്് ബന്ധമൊന്നുമില്ലെങ്കിലും ഈ ഉത്തര്‍പ്രദേശുകാരിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഹോക്കിയോട് കമ്പമായിരുന്നു. ഹോക്കിയില്‍ പ്രതിഭ തെളിയിച്ച് കരിഷ്മ മുന്നേറിയപ്പോള്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ നിന്നും വിളിയെത്തി. അക്കാദമി ടീമില്‍ സൂപ്പര്‍ ഗോളുകളുമായി മിന്നിത്തെളിഞ്ഞ കരിഷ്മ കരിയറില്‍ ഇതിനകം ഒത്തിരി നേട്ടങ്ങളും സ്വന്തമാക്കി. 2016-17ല്‍ ഇന്ത്യന്‍ സീനിയര്‍ ക്യാംപിലേക്ക് ഈ ഉത്തര്‍പ്രദേശുകാരി തെരഞ്ഞെടുക്കപ്പെട്ടു.

2018-2019 വര്‍ഷം സീനിയര്‍ നാഷണല്‍സില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി ജഴ്സിയണിഞ്ഞ കരിഷ്മ ടൂര്‍ണമെന്റില്‍ ടീമിനെ രണ്ടാംസ്ഥാനത്തെത്തിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിപുര്‍ സ്വദേശികളായ അനില്‍ സിംഗും റീത്താസിംഗുമാണ് കരിഷ്മയുടെ മാതാപിതാക്കള്‍. സൗരഭ് സിംഗും പൂജാ സിംഗുമാണ് സഹോദരങ്ങള്‍. തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായതിനാല്‍ മധ്യപ്രദേശ് ടീമില്‍ കരിഷ്മയ്ക്ക് കൂട്ടുകാര്‍ അധികം പേരില്ല. ഇഷ്ട കൂട്ടുകാര്‍ രേണുവും സാധ്നയുമാണ്. തന്റെ ഗോള്‍നേട്ടത്തില്‍ ഈ കൂട്ടുകാരുടെ പ്രചോദനം ഏറെ സഹായിച്ചിട്ടുണ്ടെന്ന് കരിഷ്മ പറയുന്നു. ടീം പരിശീലക നേഹ റാവത്തിനോടും കരിഷ്മയ്ക്ക് അങ്ങേയറ്റം ബഹുമാനം മാത്രം. ഹോക്കിയില്‍ കരിഷ്മയ്ക്ക് പ്രത്യേകിച്ച് റോള്‍ മോഡലൊന്നുമില്ല. പരമാവധി ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും അത് ആസ്വദിക്കുകയുമാണ് തന്റെ പോളിസിയെന്നും കരിഷ്മ പറയുന്നു.

ഇതാദ്യമായാണ് കരിഷ്മ കേരളത്തില്‍ എത്തുന്നത്. കേരളത്തെ കുറിച്ചും കൊല്ലത്തെ കുറിച്ചും ഇവിടുത്തെ ഭക്ഷണത്തെ കുറിച്ചുമെല്ലാം കരിഷ്മയ്ക്ക് പറയാനുള്ളത് നല്ല വാക്കുകള്‍ മാത്രം. അസ്ട്രോ ടര്‍ഫിലെ പുല്‍മൈതാനവും ഈ സുന്ദരിയുടെ മനം കവര്‍ന്നുകഴിഞ്ഞു. കളിക്കാന്‍ നല്ല സ്റ്റേഡിയമാണ് ആശ്രാമം മൈതാനത്തെ ഈ ടര്‍ഫെന്നും കരിഷ്മ പറയുന്നു. ഉത്തര്‍പ്രദേശുകാരിയാണെങ്കിലും കരിഷ്മ ഇതേവരെ ഉത്തര്‍പ്രദേശ് ജഴ്സി അണിഞ്ഞില്ല. മധ്യപ്രദേശില്‍ ഇന്‍കം ടാക്സ് ഓഫീസില്‍ ഉദ്യോഗസ്ഥയാണ് കരിഷ്മ സിങ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close