FootballLatestNewsNews in BriefSports

മൊറോക്കോയോട് വിറച്ചും ഇറാനോട് കിതച്ചും വമ്പൻമാർ പ്രീ ക്വാർട്ടറിൽ

അവസാന വിസില്‍ വരെ നാടകീയത നിറഞ്ഞുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് പോര്‍ച്ചുഗലും സ്‌പെയിനും പ്രീക്വാര്‍ട്ടറിലേക്ക് കടമ്പ കടന്നെത്തി. ഇറാനും മൊറോക്കോയും പൊരുതിത്തന്നെ പുറത്തായി. പുറത്താകലിനിടയിലും ഇറാന്‍ പോര്‍ച്ചുഗലിനോട് 1-1 സമനില പിടിച്ചു. മൊറോക്കോയും സ്‌പെയിനെ 2-2 എന്ന സമനിലയില്‍ തളച്ചു. റഷ്യയെ നേരിടാൻ സ്പെയിനും ഉറുഗ്വേയെ എതിരിടാൻ പോർച്ചുഗലും യോഗ്യരാകുമ്പോൾ ഇവരേക്കാൾ ഒട്ടും അയോഗ്യരല്ല തങ്ങളും എന്ന് ഇറാനും മൊറോക്കോയും തെളിയിക്കുന്നു. എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര തുടരുന്നു

സ്പെയിനും പോർച്ചുഗലും വിജയിച്ചു. സത്യമതായിരിക്കാം. പക്ഷെ എത്രമാത്രം ഈ രണ്ട് ടീമുകളും ഇനി മുന്നോട്ട് നോക്കൗട്ട് പരീക്ഷ മറികടക്കുമെന്ന് കണ്ടറിയണം. കലിനിങ് ഗ്രാഡിൽ സ്പെയിൻ വിറച്ച് കളിക്കുമ്പോൾ, അതേ സമയം മൊർദോവിയാ അരേണയിൽ ഭയന്ന് ഇറാനെ നേരിടുകയായിരുന്നു പോർച്ചുഗീസുകാർ. ഇരു സ്ഥലങ്ങളിൽ നിന്നും ഇരുകൂട്ടർക്കം കളിയൊടുങ്ങും വരെ ഒട്ടും ശുഭകരമായിരുന്നില്ല വാർത്തകൾ.

സ്പെയിന്റെ ക്യാപ്റ്റൻ റാമോസിന്റെയും പ്രതിരോധനിരയുടെയും പിഴവുകൾ തിരുത്തിയില്ലെങ്കിൽ എളുപ്പമാവില്ല റഷ്യക്കെതിരായ പ്രീ ക്വാർട്ടർ മത്സരം. മൊറോക്കോയെ എളുപ്പത്തിൽ തോല്പിക്കാമെന്ന് നിനച്ച് ഇറങ്ങിയ സ്പാനിഷുകാരുടെ ഡിഫൻസ് ദൗർബല്യം മുതലാക്കി ബൌതാബ് പതിനാലാം മിനിറ്റിൽ മൊറോക്കോയുടെ ആദ്യ ഗോൾ നേടുമ്പോൾ അത് റാമോസിന്റെ ഏറ്റവും വലിയ കാൽപ്പിഴയ്ക്കുള്ള ഉത്തരം മാത്രമായിരുന്നു. 75% ബോൾ പൊസ്സഷനും റെക്കോർഡ് പാസ്സുകൾ കൊണ്ടും മാത്രം മൊറോക്കോ പോലെ ആക്രമണോത്സുകത മുഖമുദ്രയാക്കിയ ഒരു ടീമിനെ കീഴ്പ്പെടുത്താനാകില്ലെന്ന് ആരിവരെ പറഞ്ഞ് മനസ്സിലാക്കും?

ഇനിയേസ്റ്റയുടെ നേതൃത്വത്തിൽ ഇടത് വിംഗ് കേന്ദ്രീകരിച്ചുള്ള തുടർ ആക്രമണങ്ങൾക്കൊടുവിൽ ഇസ്കോ പത്തൊൻപതാം മിനിറ്റിൽ മൊറോക്കോയുടെ വല കുലുക്കിയപ്പോഴാണ് സ്പാനിഷ് കാണികൾക്ക് ശ്വാസം നേരെ വീണത്. ആദ്യ പകുതിയിൽ ഇനിയേസ്റ്റ തുറന്നു കൊടുത്ത അവസരങ്ങൾ കോസ്റ്റയും മറ്റും പാഴാക്കി കൊണ്ടിരുന്നു. അപ്പോഴേക്കും രണ്ട് വൻ വാർത്തകൾ മൊർദോവിയാ അരേണയിൽ നിന്നും ഇവിടേക്ക് എത്തിയിരുന്നു. നാല്പത്തിയഞ്ചാം മിനുറ്റിൽ റിക്കാർഡോ കരെസ്മ പോർച്ചുഗലിന് വേണ്ടി ഇറാന്റെ പ്രതിരോധത്തെ കീറി മുറിച്ച ഒരു ലോംഗ് റേഞ്ചർ ഗോൾ വാർത്തയായിരുന്നു ഒന്ന്.

മറ്റൊന്ന് മെസ്സിക്ക് പിന്നാലെ സാക്ഷാൽ ക്രിസ്റ്റ്യാനോയും ഇറാന്റെ ഗോളിക്ക് മുൻപിൽ പെനാൽറ്റിയിൽ തോറ്റെ ന്ന വാർത്തയും. അറുപത്തിരണ്ടാം മിനിറ്റിൽ ഇസ്കോയുടെ ഗോളെന്ന് മാത്രം ഉറപ്പിക്കാവുന്ന ഉജ്വലമായ ഒരു ഹെഡർ ഗോൾ ലൈനിൽ നിന്നും മികച്ച ഒരു ഹെഢറിലൂടെ ഗനം സെയ്സ് സേവ് ചെയ്യുമ്പോൾ ഗോളി ആ ഭാഗത്തേയുണ്ടായിരുന്നില്ല. നിലവിൽ സമനില തുടർന്നാൽ പ്രീ ക്വാർട്ടറിലെത്താമായിരുന്ന സ്പെയിനെ രണ്ടാം പകുതിയിൽ കൂടുതൽ ആവേശത്തോടെ മൊറോക്കോ ആക്രമിക്കാൻ തുടങ്ങി. കളിയുടെ എൺപത്തിയൊന്നാം മിനുറ്റിൽ എൽ നെസ്റിയെന്ന പത്തൊൻപതുകാരൻ പകരക്കാരൻ കോർണർ കിക്കിന് തല വെച്ച് സ്പാനിഷ് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തൊടുത്ത ഹെഡർ തടുക്കാൻ ഗോളിക്കും മറ്റും ഒരവസരവുമില്ലായിരുന്നു. മൊറോക്കോ ജയം മണത്ത നിമിഷങ്ങൾ.

ആറോളം മഞ്ഞക്കാർഡുകൾ വാങ്ങിയ മൊറോക്കോയുടെ കളിക്കാർ സ്പാനിഷുകാർക്ക് മുന്നിൽ മെരുക്കാനാകാത്ത കാളകളെ പോലെ അമറി നടന്നു. ഇഞ്ചുറി ടൈമിൽ എത്തുമ്പോഴേയ്ക്കും സ്പാനിഷ് കാണികൾ പൊട്ടിക്കരഞ്ഞു തുടങ്ങിയിരുന്നു. പോർച്ചുഗൽ ഇറാനെതിരെ നേടിയ ഗോൾ ഔദാര്യത്തിൽ മാത്രം പ്രീക്വാർട്ടർ കടന്നവരെന്ന കടം സ്പാനിഷുകാർ വേണ്ടെന്ന് വെച്ച 90 +1 ഇഞ്ചുറി ടൈം. ഹാജിറിന്റെ ക്രോസ്സിനെ തന്ത്രപൂർവ്വം പിൻ കാലിൽ തിരിഞ്ഞ് പോസ്റ്റിലേക്ക് തിരിച്ച് വിട്ട കോസ്റ്റയുടെ പകരക്കാരൻ ആസ്പാസിന്റെ ഗോൾ. സ്പാനിഷ് ആഘോഷം നിലച്ച് ഓഫ് സൈഡ് ഗോൾ. റഫറി റിവ്യൂ. പക്ഷെ വിധി സ്പെയിനിന് അനുകൂലം.

സ്റ്റേഡിയത്തിൽ സ്പാനിഷ് ജഴ്സിയിട്ടവരുടെ പൊട്ടിത്തെറി. ആഘോഷങ്ങൾ.. അപ്പോഴേക്കും മൊർദോവിയ അരേണയിൽ നിന്നും പുതുവാർത്ത. പെനാൽട്ടിയിലൂടെ ഇറാൻ പോർട്ടുഗീസുകാരുമായി ഇഞ്ചുറി ടൈമിൽ സമനില. ഒടുവിൽ ഒരുപക്ഷെ, തോറ്റെന്ന്, പുറത്തായെന്ന്, രണ്ടാം സ്ഥാനക്കാരായെന്ന് ഒക്കെ വിറകൊണ്ടിടത്തു നിന്ന് പോർച്ചുഗലിനും മുകളിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി റഷ്യയെ നേരിടാൻ സ്പെയിനും ഉറുഗ്വേയെ എതിരിടാൻ പോർച്ചുഗലും യോഗ്യരാകുമ്പോൾ ഇവരേക്കാൾ ഒട്ടും അയോഗ്യരല്ല തങ്ങളും എന്ന് ഇറാനും മൊറോക്കോയും തെളിയിക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close