FootballLatestNewsSports

പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടേണ്ടെന്ന് സെനഗല്‍

ഇത്തവണ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പോളണ്ടിനെ 1-2ന് തകര്‍ത്തുവിട്ടു ആഫ്രിക്കന്‍ സിംഹങ്ങളായ സെനഗല്‍ ടീം. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് ആപ്തവാക്യമെങ്കിലും ഇനി മിണ്ടാം, ഈ പോളണ്ടിന് ഇതെന്തുപറ്റിയെന്ന്. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര.

 

ദ്യ കളിക്കിറങ്ങിയ പോളണ്ടിനെ ആഫ്രിക്കൻ കരുത്തരായ സെനഗൽ കീഴടക്കുമ്പോൾ ഫുട്ബോൾ പണ്ഡിതർ ഈ വേൾഡ് കപ്പിലെ കറുത്ത കുതിരകൾ ആകുമെന്ന് പ്രവചിച്ച പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുതെന്ന് പ്രഖ്യാപിക്കുന്ന സിനിമ ഓര്‍മ്മയിലേയ്ക്ക് കയറി ഗോളടിച്ചു. മാനെയുടെ സെനഗല്‍ കേട്ടിരിക്കാന്‍ വഴിയില്ലല്ലോ ആ സിനിമാവാക്യം. ചിലപ്പോള്‍ പോളണ്ടിലെ നവമാധ്യമങ്ങള്‍ അവിടേയ്ക്കും ഇക്കാര്യം ട്രോളാക്കി എത്തിച്ചിട്ടുണ്ടാകാം.

അന്താരാഷ്ട്ര വായനാ ദിനത്തിൽ പോളണ്ടുകാരുടെ പേര് വായിച്ചെടുക്കുകയെന്നത് പോലെ തന്നെ ദുഷ്കരമായിരുന്നു കളിയും. പോളി ഷുകാരുടെ വേഗതയെ ശാരീരിക കരുത്തു കൊണ്ടു നേരിട്ട ആഫ്രിക്കക്കാർ ഗോളടിക്കാനും ശ്രമിച്ചതോടെ മത്സരം സംഭവബഹുലമായി മാറി. പോളണ്ട് നിരയിൽ ലെവൻഡോവ്സ്കി ഒറ്റയ്ക്ക് നടത്തിയ നീക്കങ്ങൾക്ക് കാര്യമായ പിന്തുണ കിട്ടിയിരുന്നെങ്കിൽ അന്തിമഫലം മറ്റൊന്നാകുമായിരുന്നു.

സെനഗലിന്റെ ആദ്യ ഗോൾ കളിയുടെ ഗതിക്കെതിരെ പോളണ്ടിന്റെ പ്രതിരോധ താരം തിയാഗോ കിയോനെക്കിന്റെ പേരിൽ ചാർത്തപ്പെട്ട മുപ്പത്തിയെട്ടാം മിനുറ്റിലെ ഓൺ ഗോൾ ആയിരുന്നു. ഗോൾ പോസ്റ്റിലേക്ക് ഇദ്രിസ്സഗുയേ നീട്ടിയടിച്ച പന്ത് കിയോനെക്കിന്റെ അരയ്ക്കു താഴെ തട്ടി ഗോളിയുടെ കൈയിലെത്താതെ പോസ്റ്റിന്റെ മൂലയിലേക്ക് കയറുകയായിരുന്നു.

തുടർന്ന് പോളണ്ട് നിരന്തരം  ഗോൾ മുഖം ലക്ഷ്യമാക്കി മുന്നേറിയെങ്കിലും സെനഗൽ കോട്ട പൊളിക്കാനായില്ല. ലെവൻഡോവ്സ്കിയെടുത്ത ഗോളെന്നുറച്ച സുന്ദരമായ ഒരു ഫ്രീ കിക്ക് സേവ് ചെയ്ത ഗോൾ കീപ്പറുടെ പ്രകടനവും പോളിഷ് പ്രതീക്ഷകൾ തല്ലി കെടുത്തി. ആദ്യ പകുതിയ്ക്ക് ശേഷം ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. പക്ഷെ പോളിഷ് വിഢിത്തം സെനഗലിന് അടുത്ത ഗോളിനുള്ള വഴി തുറന്നിട്ടു കൊടുത്തുവെന്നതാണ് യാഥാർത്ഥ്യം. സെന്റർ സർക്കിളിനകത്തുനിന്ന് ക്രിക്കോവിയാക് പകരക്കാരൻ ബെദ്നാരെക്കിന് നല്കിയ അനവസരത്തിലുള്ള ഒരു ഹൈബാക്ക് പാസ്സ് കൈകാര്യം ചെയ്യാനാകാത്ത നിലയിലായിരുന്നു ബെദ്നാരെക്ക്. ഈ സമയം വലതു വിംഗിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന നിയാംഗ് ഓടിയെത്തി ബോൾ പിടിച്ചെടുത്ത് ഗോളി സെസ്നിയെയും പിന്നിട്ട് മുന്നോട്ട് കുതിക്കുമ്പോൾ ഗോൾ മുഖം തുറന്നു കിടക്കുകയായിരുന്നു. അറുപതാം മിനുറ്റിൽ സെനഗലിന്റെ രണ്ടാം ഗോൾ.

കളിയുടെ അന്തിമഘട്ടത്തിൽ പോളണ്ട് ഗോൾ മടക്കുവാൻ ആഞ്ഞ് ശ്രമിച്ചതോടെ കളി പരുക്കനായി. എൺപത്തിയാറാം മിനുറ്റിൽ ഗോൾ പോസ്റ്റിലേക്ക് ഫ്രീ കിക്കിലൂടെയെത്തിയ പന്തിനെ മറുപടിയില്ലാത്ത വിധം ക്രിക്കോവിയാക് ഗോൾ വലയിലേക്ക് അടിച്ചു കയറ്റുമ്പോൾ പോളിഷ് ആരാധകർ ആശ്വാസ ഗോൾ കൊണ്ടു മാത്രം തൃപ്തരായിരുന്നില്ല. ലോകോത്തര കളിക്കാരൻ ലെവൻഡോവ്സ്കിയെപ്പോലുള്ള പ്രതിഭകൾ ഉണ്ടായിട്ടും കളിയെഴുത്തുകാരാൽ ഇതാ റഷ്യൻ ലോകകപ്പിലെ കറുത്ത കുതിരകൾ എന്ന് വാഴ്ത്തപ്പെട്ടിട്ടും അപ്രതീക്ഷിതമായി തോറ്റു പോയ പോളിഷ് പട ലോകകപ്പിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് നിരാശാഭരിതമാക്കി. എന്നാൽ പങ്കെടുത്ത ലോകകപ്പ് മത്സരങ്ങളിൽ ഫ്രാൻസിനെയും സ്വീഡനെയും പോലെയുള്ള വമ്പന്മാരെ വീഴ്ത്തിയ ശീലമുള്ള മാനെയുടെ സെനഗൽ എവിടെ വരെയെത്തുമെന്ന് ഇനി കൗതുകപൂർവ്വം കാത്തിരിക്കാം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close